തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉപപരിശോധകൻ വരുണിന് കൈയിൽ കുത്തേറ്റു. കൈപ്പത്തിയിലാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുജിത്തും ജിഷ്ണുവും പൊലീസ് പിടിയിലായി. മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.
വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയപ്പോഴാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം നെല്ലങ്കരയിൽ മണ്ണുത്തി പൊലീസിനെതിരേ നടന്ന ആക്രമണ സംഘത്തിലും ഇവർ ഉൾപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. വിഷ്ണുജിത്തിനെതിരെ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ കാപ്പ നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.






