ന്യൂഡൽഹി: ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി ട്വന്റി20 പാർട്ടിയിലെ അഡ്വ.ചാർളി പോളിനെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ.ചാർളി പോൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മികച്ച മത്സരം കാഴ്ച്ചവച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം തവണയാണ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത്
സിറോ മലബാർ സഭയുടെ പി.ആർ.ഒ സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രർത്തിച്ചിട്ടുള്ള ചാർളി പോൾ മണ്ഡലത്തിൽ സുപരിചിതനാണ്. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം, നിയമത്തിലും സസ്യ ശാസ്ത്രത്തിലും ബിരുദം ,സാമൂഹ്യ സേവനം, കൗൺസിലിംഗ്, ജേർണലിസം, പേഴ്സണൽ മാനേജ്മെൻ്റ് എന്നിവയിൽ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ ചാർളി പോൾ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്. പഠനകാലത്ത് കാലടി ശ്രീ ശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ , ജനറൽ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ൻ്റെ സംസ്ഥാന സെക്രട്ടറി,ജനസേവ ശിശുഭവൻ പ്രസിഡണ്ട്, കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി , എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ട്വന്റി20 യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് 1,05, 642 വോട്ട് നേടി. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ 46,163 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
ചാലക്കുടിയിൽ 10, 500 വോട്ടുകൾ നേടാൻ കഴിഞ്ഞു.
നേതൃത്വം ,വ്യക്തിത്വ വികസനം, പ്രസംഗകല , മോട്ടിവേഷൻ, കമ്മ്യൂണിക്കേഷൻ, സ്ട്രസ് മാനേജ്മെൻ്റ്, പാരൻ്റിംഗ്, ലൈഫ് സ്ക്കിൽസ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മാസ്റ്റർ ട്രെയ്നറാണ്. 40 വർഷത്തിനിടയിൽ 15 ലക്ഷത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. ചാനൽ ചർച്ചകളിലും പങ്കെടുത്തുവരുന്നു. പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
മദ്യവിരുദ്ധ പോരാട്ട രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്നു . പ്രൊഫ.എം.പി മന്മഥൻ, പ്രൊഫ ജി കുമാരപിള്ള തുടങ്ങിയ പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകർ നേതൃത്വം നല്കിയ സമരങ്ങളിൽ പങ്കാളിയായിരുന്നു. കെ. സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളാണ് .ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം, കെ.സി.ബി.സി.യുടെ ബിഷപ്പ് മാക്കീൽ സംസ്ഥാന അവാർഡ് , ബെസ്റ്റ് ആർട്ടിക്കിൾ അപ്നാ ദേശ് അവാർഡ് ,മികച്ച സാമൂഹ്യപ്രവർത്തനകനുള്ള മദർ തെരേസ അവാർഡ്, ലഹരി വിരുദ്ധ സേനാനി അവാർഡ്, മികച്ച ഔട്ട് സ്റ്റാൻഡിംഗ് പേഴ്സൺ അവാർഡ് , ഫാ. തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷൻ സംസ്ഥാന അവാർഡ്, പ്രൊഫ. എം .പി മന്മഥൻ സംസ്ഥാന പുരസ്ക്കാരം
എന്നിവ നേടിയിട്ടുണ്ട്.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി 2002 ,2004, 2006 ,2013 വർഷങ്ങളിൽ നടത്തിയ മദ്യവിരുദ്ധ കേരളയാത്രകളിൽ സഹ ക്യാപ്റ്റനായിരുന്നു. സി . എൽ. സി സംസ്ഥാന പ്രസിഡൻ്റായിരിക്കെ 1992 ഒക്ടോബർ 2 മുതൽ 18 വരെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തിയ കേരളയാത്രയുടെ ക്യാപ്റ്റനും, കെ.സി. എസ് .എൽ സംസ്ഥാന സമിതി നടത്തിയ “സ്നേഹ സന്ദേശയാത്രയുടെ ക്യാപ്റ്റനും 2008 ൽ എറണാകുളം – അങ്കമാലി അതിരൂപത നടത്തിയ വിശ്വാസ സംരക്ഷണ ജാഥയുടെ സഹ ക്യാപ്റ്റനുമായിരുന്നു.
എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ,സി .എൽ .സി .സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന ജനറൽ ‘കോ -ഓർഡിനേറ്റർ, അതിരൂപത പ്രസിഡൻ്റ്, കെ.സി. എസ്. എൽ സംസ്ഥാന പ്രസിഡൻ്റ്,ഡി.സി.എൽ സംസ്ഥാന സെക്രട്ടറി, കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ ട്രസ്റ്റ് സെക്രട്ടറി,കെ.സി. ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി, സംസ്ഥാന വക്താവ്,എന്നീ സ്ഥാനങ്ങൾ വഹിച്ചു. സീറോ മലബാർ സഭയുടെ ഏഴംഗ പി. ആർ ഓ .സമിതിയിലും അത്മായ കൺസൾട്ടേഷൻ കൗൺസിലിലും കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) യിലും അംഗമായിരുന്നു.
അങ്കമാലിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കൈരളി ടൈഡിംഗ്സ് പത്രത്തിൻ്റെ ചീഫ് എഡിറ്ററും വണ്ടർ ടൈഡിംഗ്സ് മാസികയുടെ റസിഡന്റ് എഡിറ്ററുമായിരുന്നു. മലയാറ്റൂർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ , കാലടി ശ്രീ ശങ്കരാ കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് സോഷ്യൽ സയൻസ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ്, യൂണിവേഴ്സിറ്റി സെൻറർ ,കാര്യവട്ടം ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.






