മുംബൈ: ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 20നും 29നും ഇടയില്‍ പ്രായമുള്ള 6.3 കോടി ബിരുദധാരികളില്‍ 1.1 കോടി പേരും നിലവില്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ബിരുദം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. 15 മുതല്‍ 25 വയസ്സുവരെയുള്ള ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതല്‍ 29 വയസ്സുവരെയുള്ളവരുടെ ഇടയില്‍ ഇത് 20 ശതമാനവും.
ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഈ വര്‍ധനക്ക് ആനുപാതികമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.




