തിരുവനന്തപുരം: പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആശങ്ക നല്‍കി വിമതനീക്കം. മുന്‍ എംഎല്‍എ എ ടി ജോര്‍ജാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര സനലിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് എ ടി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എയായത്. 2016ല്‍ മണ്ഡലത്തില്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മണ്ഡലത്തില്‍ താന്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം താന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ല എന്ന് അദ്ദേഹം പറഞ്ഞു.






