കാലിഫോര്‍ണിയ: മെറ്റ പ്ലാറ്റ്‌ഫോംസ് കോണ്ടന്റ് ക്രിയേറ്റർമാരെ ഫേസ്ബുക്കിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്. മാർക്ക് സക്കർബർഗിന്‍റെ പ്രഖ്യാപിച്ചതനുസരിച്ച്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ സജീവമായ ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനായി പ്രതിമാസം 2.7 ലക്ഷം രൂപവരെ നേടാം.
‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പേരിലാണ് പദ്ധതി. നിലവിൽ പലരും ഫേസ്ബുക്കിനേക്കാൾ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക് അല്ലെങ്കിൽ യൂട്യൂബിൽ കുറഞ്ഞത് 20,000 ഫോളോവേഴ്‌സുള്ളവർക്ക് പദ്ധതിയിൽ ചേരാം. ആരംഭ വരുമാനം 100 ഡോളർ (ഏകദേശം 9,300 രൂപ) മുതൽ തുടങ്ങും.
ഫോളോവേഴ്‌സ് കൂടുന്തോറും വരുമാനവും ഉയരും. ഏകദേശം ഒരു ലക്ഷം ഫോളോവേഴ്‌സുള്ളവർക്ക് മാസത്തിൽ 1,000 ഡോളർ (92,000 രൂപ) ലഭിക്കും. 10 ലക്ഷം ഫോളോവേഴ്‌സിന് മുകളിൽ ഉള്ളവർക്ക് 3,000 ഡോളർ (ഏകദേശം 2.78 ലക്ഷം) വരെ നേടാനാകും. എന്നാൽ, അക്കൗണ്ട് തുറക്കുന്നത് മാത്രം മതിയാകില്ല, 30 ദിവസത്തിനുള്ളിൽ കുറഞ്ഞത് 15 ഒറിജിനൽ റീലുകൾ, 10 വ്യത്യസ്ത ദിവസങ്ങളിലായി പോസ്റ്റ് ചെയ്യണം.
ഈ സാമ്പത്തിക പ്രോത്സാഹനം മൂന്ന് മാസത്തേക്ക് ലഭിക്കും. തുടർന്ന് ഫേസ്ബുക്കിന്റെ മറ്റ് വരുമാന പദ്ധതികളിൽ തുടർന്നും പങ്കെടുക്കാം. കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
2025 മാർച്ചിൽ, പല ക്രിയേറ്റർമാരും ഫേസ്ബുക്കിനെ പ്രധാന പ്ലാറ്റ്ഫോമായി കാണുന്നില്ലെന്ന് സക്കർബർഗ് തന്നെ സമ്മതിച്ചിരുന്നു. എന്നിരുന്നാലും, വലിയ അവസരങ്ങൾ ഫേസ്ബുക്കിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ കണക്കുകൾ പ്രകാരം, 2025-ൽ ഏകദേശം 3 ബില്യൺ ഡോളർ ക്രിയേറ്റർമാർക്ക് നൽകി, അതിൽ 60 ശതമാനം റീലുകൾക്കായിരുന്നു. കൂടാതെ ‘ക്വാളിഫൈഡ് വ്യൂസ്’ എന്ന പുതിയ മാനദണ്ഡവും അവതരിപ്പിച്ചിട്ടുണ്ട്.






