കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ‘ദീദിയുടെ 10 പ്രതിജ്ഞകൾ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് പ്രതിമാസം 1700 രൂപ നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് 1500 രൂപ പ്രതിമാസ സഹായം നൽകുമെന്നും തൃണമൂൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ ബൂത്തുകളിലും ചികിത്സാസഹായം, സ്‌കൂളുകളിൽ ആധുനിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
അതേസമയം, അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് ജലുക്ബാരി മണ്ഡലത്തിലാണ്. ബിജെപിയുടെ പ്രമുഖ നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വശർമയ്‌ക്കെതിരെ കോൺഗ്രസ് ബിഡിഷ നിയോഗിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അസമിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ബംഗാളിലും അസമിലും പത്രികാ സമർപ്പണവും പ്രചാരണവും അന്തിമഘട്ടത്തിലേക്ക് കടന്നതോടെ രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുകയാണ്.






