ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ നടിയും പാർട്ടിയുടെ മുൻ നേതാവുമായ രഞ്ജിന നാച്ചിയാർ രൂക്ഷ വിമർശനം ഉന്നയിച്ചു. വിജയ്‌ക്ക് നേതൃഗുണം ഇല്ലെന്നും രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ലെന്നും രഞ്ജിന ആരോപിച്ചു. ടിവികെ വിട്ടത് വിജയ്‌യുടെ നിസ്സംഗത കാരണം തന്നെയാണെന്നും, പാർട്ടി കാര്യങ്ങളിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നും രഞ്ജിന പറഞ്ഞു. വിജയ് സാധാരണയായി വൈകിയാണ് എഴുന്നേൽക്കുന്നതെന്നും, ദിവസത്തിൽ കുറച്ച് സമയം പോലും പാർട്ടി പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.
പാർട്ടി ഓഫീസിൽ വിജയ് അപൂർവമായാണ് എത്താറുള്ളതെന്നും, നേതാക്കൾക്ക് അദ്ദേഹത്തെ കാണാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്നും രഞ്ജിന വ്യക്തമാക്കി. വിജയ്‌യുടെ ചുറ്റും “ടോക്സിക്” ആളുകളാണ് ഉള്ളതെന്നും, അത് അറിയാമായിട്ടും അദ്ദേഹം മാറ്റം വരുത്തുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. യുവാക്കളിൽ വിജയ്‌ക്ക് വലിയ സ്വാധീനം ഉണ്ടെന്നും, അവർ അദ്ദേഹത്തെ അന്ധമായി വിശ്വസിക്കുന്നുണ്ടെന്നും രഞ്ജിന പറഞ്ഞു. ഇത് പിന്നീട് നിരാശയിലേക്ക് നയിക്കുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു.






