കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സഞ്ജയ് ഖാൻ പിന്മാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പാർട്ടി നേതൃത്വത്തിന് ആശ്വാസം പകർന്നു കൊണ്ട് സഞ്ജയ് ഖാൻ തന്റെ നിലപാട് തിരുത്തിയത്.
സീറ്റ് മുസ്ലീം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സഞ്ജയ് ഖാന്റെ വിമത നീക്കം. ഇന്ന് രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് പ്രതിനിധിയായ കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് ചില ഉറപ്പുകൾ നൽകിയതോടെ പ്രതിഷേധം അവസാനിക്കുകയായിരുന്നു.
ലീഗിന് സീറ്റ് നൽകിയതിനെതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ വികാരം നിലനിന്നിരുന്നു. പത്രിക സമർപ്പണത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സഞ്ജയ് ഖാനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രവർത്തകരുടെ താല്പര്യമാണ് വലുതെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഒടുവിൽ കെ.സി. വേണുഗോപാൽ തന്നെ നേരിട്ട് സംസാരിച്ചതോടെയാണ് മഞ്ഞുരുകിയത്. പാർട്ടിയുടെ ഭാവിയും ഐക്യവും മുൻനിർത്തിയാണ് തീരുമാനമെന്നും നേതൃത്വം നൽകിയ ഉറപ്പുകളിൽ വിശ്വാസമുണ്ടെന്നും സഞ്ജയ് ഖാൻ പ്രതികരിച്ചു.






