കൊച്ചി: കേരളത്തിന് വീണ്ടും റെയിൽവേയുടെ അവഗണന. ഈ സാമ്പത്തിക വർഷം പുറത്തിറക്കുന്ന 30 പുതിയ മെമു ട്രെയിനുകളിൽ ഒരെണ്ണം പോലും കേരളത്തിന് അനുവദിച്ചില്ല. 12 കോച്ചുകൾ വീതമുള്ള മെമു ട്രെയിനുകളാണ് വിവിധ ഉത്തരേന്ത്യൻ സോണുകൾക്ക് അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്കും പുതിയ മെമു റേക്കുകൾ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം ഡിവിഷനിൽ നിലവിൽ സർവീസ് നടത്തുന്ന എട്ട് മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്താൻ മാത്രം 50 അധിക കോച്ചുകൾ ആവശ്യമാണ്. 16 കോച്ച് മെമു റേക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി കൊല്ലം ഷെഡിൽ കോടികൾ ചെലവഴിച്ച് സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ആവശ്യമായ റേക്ക് ലഭിക്കാത്തതിനാൽ ഷെഡ് പൂർണതോതിൽ പ്രവർത്തിക്കുന്നില്ല.
സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന ഐസിഎഫ് കോച്ചുകളുള്ള പാസഞ്ചർ ട്രെയിനുകൾ ഘട്ടംഘട്ടമായി മെമു ട്രെയിനുകളാക്കി മാറ്റാനും നിർദേശമുണ്ട്. ഇതിനായി കുറഞ്ഞത് 10 പുതിയ മെമു റേക്കുകൾ ആവശ്യമാണ്. എന്നാൽ ഇത്രയും ആവശ്യകത നിലനിൽക്കുമ്പോഴും ഒരു റേക്ക് പോലും കേരളത്തിന് അനുവദിച്ചിട്ടില്ല.
അതേസമയം, ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ കേരളത്തിനായി മെമു റേക്കുകൾ അനുവദിക്കണമെന്ന് ശക്തമായി സമ്മർദം ചെലുത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കൂടുതൽ മെമു സർവീസുകൾ ആവശ്യമായ സംസ്ഥാനത്തിന് പുതിയ റേക്കുകൾ അനുവദിക്കാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.



