പത്തനംതിട്ട: അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടൂർ, പന്നിവിഴ, കോട്ടപ്പുറം സ്വദേശിയായ പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ (65) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.
ഇതിനിടെ കേസിൽ പരോളിൽ ഇറങ്ങി മോഹനൻ സഹോദരനായ സതീഷ് കുമാറിനെയും ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂൺ 29 ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം നടന്നത്. അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ രാജീവ് കേസ് രജിസ്റ്റർ ചെയ്തു പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം വീണ്ടും സമർപ്പിച്ചത്. ഇതിനു പിന്നാലെയാണ് വീണ്ടും ശിക്ഷ വിധിച്ചത്.






