കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചിരിക്കുന്നത്.
അണ്ടർ 23 തലത്തിൽ, യുപ്പിയയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് മുഹമ്മദ് അജ്‌സലിനെയും എബിദാസ് യേശുദാസിനെയും തിരഞ്ഞെടുത്തു. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴിൽ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവർക്കെതിരെ മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരും ഉൾപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ ഇവരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്.
യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് അണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബ സിംഗ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി. മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്‍റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. ദേശീയ ടീമിന്‍റെ സീനിയർ, അണ്ടർ 23, അണ്ടർ 20 തലങ്ങളിൽ ഒരേസമയം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിനിധീകരിക്കുന്നത് ഐഎസ്എല്ലിലെ തുടര്‍ തോല്‍വിക്കിടയിലും മഞ്ഞപ്പടക്ക് അഭിമാനനേട്ടമായി.






