ടെഹ്‌റാൻ: ഇറാന്റെ ഊർജനിലയങ്ങളെ അഞ്ചുദിവസത്തേക്ക് ആക്രമിക്കില്ലെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യയിൽ സംഘർഷം കുറയുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും പിന്നാലെ വീണ്ടും ആക്രമണങ്ങൾ ശക്തമായി. ഇറാനുമായി നടക്കുന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്ന വിലയിരുത്തലോടെയാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ട്രംപ് ഈ ഇടവേള പ്രഖ്യാപിച്ചത്.
ഇതിനിടെ, ചൊവ്വാഴ്ച ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ രണ്ട് വാതക പ്ലാന്റുകളും ഒരു പൈപ്പ്‌ലൈനും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഖൊറംഷഹറിലെ പവർപ്ലാന്റും പൈപ്പ്‌ലൈനും ഇസ്ഫഹാനിലെ ഊർജനിലയവുമാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ വാതകവിതരണത്തിൽ തടസ്സമില്ലെന്ന് ഇസ്ഫഹാൻ പ്രവിശ്യാ ഗവർണർ അറിയിച്ചു.
ഊർജനിലയങ്ങൾക്കെതിരായ ഭീഷണികൾ ഇറാനെ ബാധിക്കില്ലെന്ന് ഊർജമന്ത്രി അബ്ബാസ് അലിയാബ്ദി പ്രതികരിച്ചു. രാജ്യത്ത് 150ഓളം വൈദ്യുത നിലയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാനിലെ ഐആർജിസിയുടെ ആയുധശാല ഉൾപ്പെടെ 50-ലധികം കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഇതിനിടെ, ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. 100 കിലോഗ്രാം വാർഹെഡ് ഘടിപ്പിച്ച മിസൈൽ വ്യോമ പ്രതിരോധം മറികടന്ന് നഗരമധ്യത്തിൽ പതിച്ചതായി റിപ്പോർട്ട്. പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
പ്രദേശത്തെ മറ്റു രാജ്യങ്ങളിലും സംഘർഷത്തിന്റെ പ്രതിഫലനം പ്രകടമായി. കുവൈത്തിൽ മിസൈൽ അവശിഷ്ടം വീണ് വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടായി. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ ഇറാന്റെ 19 ഡ്രോണുകൾ തടഞ്ഞു. ബഹ്‌റൈനിൽ നടന്ന ആക്രമണത്തിൽ യുഎഇയ്ക്കായി ജോലി ചെയ്തിരുന്ന മൊറോക്കൻ സ്വദേശിയായ സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെട്ടു.
ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിൽ ആമസോൺ ക്ലൗഡ് സേവനങ്ങളിലും തടസ്സമുണ്ടായി. ഇറാഖിൽ റോക്കറ്റ് ആക്രമണത്തിൽ ആറു കുർദിഷ് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാഖിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സുമായി ബന്ധപ്പെട്ട 15 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.






