മുംബൈ: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മൂന്ന് കൂട്ടാളികളും പിടിയിൽ. ഒന്നര വർഷത്തിന് ശേഷമാണ് സകറാം ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിൽ താമസിച്ചിരുന്ന സകറാം, ഡിംപിൾ ചൗധരി എന്ന യുവതിയുമായി ബന്ധത്തിലായിരുന്നു. അവരോടൊപ്പം ജീവിക്കാൻ ഭാര്യ ഗീതാ ചൗധരിയെ കൊല്ലാൻ ഇയാൾ തീരുമാനിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, 6.7 ലക്ഷം രൂപ നൽകി സുഹൃത്തിനോട് കൊലപാതകം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് ഗീതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് ആത്മഹത്യയായി കാണിക്കാൻ മൃതദേഹം വീട്ടിലെ അടുക്കളയിലെ ഫാനിൽ കെട്ടിത്തൂക്കി.
2024 ഒക്ടോബർ 14-നാണ് ഗീതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കൊലപാതക സൂചനകൾ ഉണ്ടായിരുന്നില്ല.
എന്നാൽ ഗീതയുടെ പിതാവിന് സംശയം തോന്നിയതിനെ തുടർന്ന് രാജസ്ഥാനിൽ പരാതി നൽകി. തുടർന്നുള്ള സമ്മർദ്ദത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു.
ഇതോടെ പൊലീസ് സകറാമിനെ വീണ്ടും ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കാമുകിക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകമെന്നു വെളിപ്പെടുത്തി. സുഹൃത്ത് ശങ്കർ ഡാങ്കിക്ക് പണം നൽകി കൃത്യം നടത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.





