കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീയെ ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശനിയാഴ്ച വിധി പ്രസ്താവിക്കും. കരിവെള്ളൂർ പലിയേരി കൊവ്വലിൽ താമസിച്ചിരുന്ന ദിവ്യശ്രീയെ 2024 നവംബർ 21-ന് വൈകിട്ട് വീട്ടിൽവെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് കെ. രാജേഷ്യാണ് കേസിലെ പ്രതി. ഇരുവരും അകന്ന് കഴിയുകയായിരുന്നു.
കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ദിവ്യശ്രീ സംഭവദിവസം ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് പോകാനിരിക്കുകയായിരുന്നു. വിവാഹമോചന കേസ് കണ്ണൂർ കുടുംബകോടതിയിൽ പരിഗണനയിലുമായിരുന്നു. സംഭവ ദിവസം രാവിലെ കോടതിയിൽ ഹാജരായ ദിവ്യശ്രീ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കേസ്.
തുടർന്ന് വീട്ടുവരാന്തയിൽ നിന്ന് പിടിച്ചിറക്കി മുറ്റത്തിട്ട് പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയതായും ആരോപണം ഉണ്ട്. സംഭവം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും ആക്രമിക്കാൻ ശ്രമിച്ചതായി കേസിൽ പറയുന്നു. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.




