വാഷിങ്ടൺ: ഇറാനിലെ ഉന്നത നേതൃനിരയെ പൂർണമായി തകർത്തുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും ഭരണസംവിധാനം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. മിയാമിയിൽ നടന്ന ഒരു അന്താരാഷ്ട്ര നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ പരമോന്നത നേതാവ് ഇനി ജീവനോടെയില്ലെന്നും, അദ്ദേഹത്തിന്റെ സ്ഥാനത്തിന് പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമേനിയും കൊല്ലപ്പെട്ടിരിക്കുകയോ ഗുരുതരമായി പരിക്കേറ്റിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും ട്രംപ് നൽകി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും തകർത്തുവെന്നും സൈനിക നേതൃത്വം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കയുടെ സൈനിക നീക്കങ്ങൾ വലിയ വിജയമാണെന്ന് ട്രംപ് വിലയിരുത്തി. ഇറാന്റെ നാവികസേന തകർന്നതായും വ്യോമസേന പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായും, മിസൈൽ ശേഖരങ്ങളും ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, അലി ഖമേനിയുടെ മരണത്തിന് പിന്നാലെ മുജ്തബ ഖമേനി അധികാരം ഏറ്റെടുത്തതായി ഇറാൻ അറിയിച്ചിരുന്നെങ്കിലും, യുദ്ധത്തിൽ പരിക്കേറ്റതിനാൽ അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ സൈനിക വിഭാഗങ്ങൾ വ്യക്തമായ കേന്ദ്രനേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്ക് താൽപര്യം കാണിക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.




