ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഇറാനും സൈനിക സജ്ജീകരണം ശക്തമാക്കി. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടു.
ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അത്തരമൊരു ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈന്യത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ യുവജനങ്ങളിൽ സൈന്യത്തിൽ ചേരാനുള്ള താല്പര്യം ഗണ്യമായി ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ, ബസിജ്, കരസേന എന്നിവയിലേക്ക് സന്നദ്ധപ്രവർത്തകരുടെ അപേക്ഷകൾ വർധിച്ചിട്ടുണ്ടെന്നാണ് വിവരം. ജനകീയ പിന്തുണയോടെ അമേരിക്കയെ നേരിടാനാണ് ഇറാന്റെ നീക്കം.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള സംഘർഷവും ശക്തമാകുകയാണ്. കടലിടുക്ക് തുറക്കാൻ അമേരിക്ക ശ്രമിക്കാമെങ്കിലും അതിനെ പ്രതിരോധിക്കാൻ തങ്ങൾ പൂർണ്ണ സജ്ജമാണെന്ന് ഇറാൻ സൈന്യം അറിയിച്ചു. കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണവിപണിയെ ബാധിക്കാനിടയുണ്ട്.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങളിൽ ഇറാൻ ഉടൻ തീരുമാനം എടുക്കണമെന്നും, ഇല്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്കായി ശ്രമിക്കുകയാണെന്നും സൈനികമായി അവർ ദുർബലരാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വിമർശിച്ചു.




