അമരാവതി: കോവിഡ്-19 മഹാമാരിയുടെ പ്രധാന തരംഗം അവസാനിച്ച് നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെ ജാഗ്രതയിലാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളും 12 പുതിയ കേസുകളും സ്ഥിരീകരിച്ചു.
ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലാണ് വിവിധ ജില്ലകളിലായി 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. നാല് പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ അറിയിച്ചു. കടപ്പ സ്വദേശികളിൽ ഒരാൾ തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
നിലവിൽ സ്ഥിരീകരിച്ച 12 കേസുകളിൽ എട്ടെണ്ണം കടപ്പ ജില്ലയിലാണ്. ഗുണ്ടൂരിൽ രണ്ട് കേസുകളും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതർ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ നിലവിൽ സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗികളിൽ ചിലർ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ചികിത്സയിലായിരുന്ന മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ നടപടികൾ തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. മാസ്ക് ധരിക്കുക, ജനക്കൂട്ടങ്ങൾ ഒഴിവാക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയരാകുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
അതേസമയം, ആന്ധ്രയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കർണാടക അതിർത്തി മേഖലകളിൽ ആരോഗ്യ പരിശോധന ശക്തമാക്കി. ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന ആരംഭിച്ചത്. ജൂലൈയിൽ കർണാടകയിൽ 32 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻഫ്ലുവൻസ-എ, എച്ച്1എൻ1 പനിക്കേസുകളും സംസ്ഥാനത്ത് വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.




