പാലക്കാട്: കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതി നിർണായക തെളിവുകൾ പൊലീസിന് കൈമാറി. ജോലി വാഗ്ദാനം ചെയ്ത് പല തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
തന്നെ ഭീഷണിപ്പെടുത്തുന്നതിനിടെ ചില രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിച്ചതായും, തന്റെ മുന്നിൽവച്ച് ഒരാൾക്ക് വീഡിയോ കോൾ ചെയ്തതായും പരാതിക്കാരി മൊഴിയിൽ പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ പ്രതി ഫോൺ ഓഫ് ചെയ്തതായും യുവതി ആരോപിക്കുന്നു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയത്തെ പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫും എൻഡിഎയും തീരുമാനിച്ചിരിക്കുന്നത്. വിവാദം ഉയർന്നതോടെ ബന്ധപ്പെട്ട കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. ധാർമികതയുടെ ഭാഗമായി അദ്ദേഹം കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്ന നിലപാടിലാണ് നേതൃത്വം.




