കണ്ണൂർ: എസ്ഡിപിഐയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ യാതൊരു രാഷ്ട്രീയ ധാരണയും സിപിഐ എം ഉണ്ടാക്കിയിട്ടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്നും, ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ നിലപാട് പുലർത്തുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ അവർ തുറന്നുപറയണമെന്നും കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബേബി ആവശ്യപ്പെട്ടു.
എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പിഡിപിയും അതിന്റെ നേതാവായ അബ്ദുൾ നാസർ മഅ്ദനിയും വർഗീയ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് മഅ്ദനി തന്റെ മുൻ നിലപാടുകൾ തള്ളിപ്പറഞ്ഞതായി ബേബി ചൂണ്ടിക്കാട്ടി. അതനുസരിച്ചുള്ള മാറ്റം പിഡിപിയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് ഇത്തരം ആരോപണങ്ങൾ ഉയർത്തുകയാണെന്ന് ബേബി വിമർശിച്ചു. ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബിജെപിയാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, ആർഎസ്എസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാക്കളോടൊപ്പം സിപിഐ എം വിട്ട ചിലർ ചേർന്നതും, ചിലർ ബിജെപി വോട്ടുകൾ ലഭിക്കുമെന്ന് തുറന്നുപറയുന്നതും രാഷ്ട്രീയ ധാരണകളിലേക്ക് വിരൽചൂണ്ടുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.


