ഒമാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ബഹ്‌റൈൻ മുന്നോട്ട് വെച്ച പ്രമേയത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ വോട്ടെടുപ്പ് നാളത്തേക്ക് മാറ്റി. ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പാണ് മാറ്റിവെച്ചത്. വാണിജ്യ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങൾക്ക് അധികാരം നൽകുന്നതാണ് പ്രമേയത്തിന്റെ പ്രധാന നിർദ്ദേശം.
പ്രമേയത്തിന് ജിസിസി രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും, വീറ്റോ അധികാരമുള്ള ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ബലപ്രയോഗം ഉൾക്കൊള്ളുന്ന പ്രമേയങ്ങളെ എതിർക്കുമെന്ന് ചൈന ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര നിയമപരമായ പിന്തുണ ആവശ്യമാണ് എന്ന നിലപാടോടെയാണ് ബഹ്‌റൈൻ പ്രമേയം അവതരിപ്പിച്ചത്. കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാനുള്ള അവകാശം ഓരോ രാജ്യത്തിനും ഉറപ്പാക്കണമെന്നതാണ് ആവശ്യം.
ഇതിനിടെ, മേഖലയിൽ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരാചരണങ്ങൾ റദ്ദാക്കി. കുർബാനകൾ ഉൾപ്പെടെ ആരാധനകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചില ഇടങ്ങളിൽ ശുശ്രൂഷകൾ ഓൺലൈൻ വഴി നടത്തപ്പെടുന്നു. കൂടുതൽ അറിയിപ്പ് വരുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.




