കോഴിക്കോട്: പണമിടപാടുമായി ബന്ധപ്പെട്ട് ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. ഓമശ്ശേരി വെളിമണ്ണ സ്വദേശി കുവ്വച്ചാലിൽ ജവാദിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഷിഫാന മുക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
താമരശ്ശേരി വലിയപറമ്പിൽ ബാർബർ ഷോപ്പ് നടത്തിവരുന്ന ജവാദ് ഈ മാസം ഒന്നാം തീയതി മുതൽ കാണാതായിരിക്കുകയാണ്. പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് കട ആരംഭിക്കുന്നതിനായി താമരശ്ശേരി അണ്ടോണ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയതായി പരാതിയിൽ പറയുന്നു.
ഈ പണം തിരികെ ആവശ്യപ്പെട്ട് ബന്ധപ്പെട്ട വ്യക്തി പലതവണ കടയിൽ എത്തി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ഷിഫാന ആരോപിക്കുന്നു. ഏപ്രിൽ ഒന്നിന് ജവാദ് തന്റെ പിതാവിനും ഭാര്യയ്ക്കും അയച്ച സന്ദേശത്തിൽ, പണം ആവശ്യപ്പെട്ട ആളുകൾ കടയിലെത്തിയിട്ടുണ്ടെന്നും അവരെ പറഞ്ഞയച്ച ശേഷം ഉടൻ വീട്ടിലെത്താമെന്നും പറഞ്ഞിരുന്നു.
പിന്നീട് ജവാദിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ചിലർ കടയിലേക്ക് എത്തുന്നതായി വ്യക്തതയില്ലാത്ത ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ജവാദിന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് നിലയിലാണ്. അതേസമയം, ആരോപണവിധേയനായ അണ്ടോണ സ്വദേശി സംഭവവുമായി ബന്ധമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




