എറണാകുളം: സിനിമാ റിവ്യൂകളുടെ പേരിൽ വ്യക്തിപരമായ അധിക്ഷേപവും സിനിമാ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളും വർധിക്കുന്നതായി ആരോപിച്ച് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ കെ തോമസ് രംഗത്ത്. റിവ്യൂ ബോംബിങ് അതിരുവിടുകയാണെന്നും സിനിമ പ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും സിനിമയെ ലക്ഷ്യമിട്ട് നടത്തുന്ന നെഗറ്റീവ് ക്യാംപെയ്‌നുകൾ അനുവദിക്കില്ലെന്നും അനിൽ കെ തോമസ് പറഞ്ഞു. യൂട്യൂബർ അശ്വന്ത് കോക്ക് സിനിമയേയും സിനിമ പ്രവർത്തകരേയും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹത്തിനെതിരെ സൈബർ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
ഇതിനിടെ, അങ്കം അട്ടഹാസം എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ശക്തമായത്. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറയാതിരിക്കാനായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാരോപിച്ച് നടൻ മാധവ് സുരേഷും നിർമ്മാതാക്കളും അശ്വന്ത് കോക്കിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച അശ്വന്ത് കോക്ക്, തെളിവുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് തിരിച്ചടിച്ചു.
ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മാധവ് സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് എസ് നായർ ആണ്.






