ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് വഴി എൽപിജി കയറ്റവുമായി ഇന്ത്യൻ കപ്പലുകൾ കടന്നു. ‘ഗ്രീൻ ആശ’ എന്ന കപ്പൽ 15,400 ടൺ എൽപിജിയുമായി സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചു. ഇതോടെ യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി.
ഇതിനൊപ്പം, ആകെ 87,000 ടൺ എൽപിജിയുമായി നാല് കപ്പലുകൾ കൂടി കടലിടുക്ക് കടക്കാൻ കാത്തിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കും ഹോർമുസ് കടൽപാതയുടെ പ്രാധാന്യം ഇന്ത്യ വീണ്ടും ഊന്നിപ്പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവർത്തിക്കുകയും, കടൽപാത തുറന്നുവെക്കേണ്ടതിന്റെ ആവശ്യകത ഇറാൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, രാജ്യത്ത് പുതുതായി എട്ട് ലക്ഷം പൈപ്പ് ഗ്യാസ് കണക്ഷനുകൾ നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു.




