വേനലവധിക്കാലം കൂടുതൽ മനോഹരമാക്കാൻ വൈവിധ്യമാർന്ന യാത്രാ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് 28-ന് ആരംഭിക്കുന്ന നെഫർറ്റിട്ടി കപ്പൽ യാത്രയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. രാവിലെ കൊല്ലത്തുനിന്നും എസി ബസിൽ എറണാകുളത്തെത്തി അഞ്ച് മണിക്കൂർ അറബിക്കടലിൽ ചിലവഴിക്കുന്ന ഈ യാത്രയ്ക്ക് മുതിർന്നവർക്ക് 3840 രൂപയും കുട്ടികൾക്ക് 1940 രൂപയുമാണ് നിരക്ക്. ഏപ്രിൽ മാസത്തിലും വിവിധ ദിവസങ്ങളിൽ ഈ കപ്പൽ യാത്ര ലഭ്യമാണ്.
പ്രകൃതിഭംഗി ആസ്വദിക്കാനാഗ്രഹിക്കുന്നവർക്കായി മാർച്ച് 29-ന് വാഗമൺ യാത്രയും ഇല്ലിക്കൽ കല്ല് യാത്രയും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ മാർച്ച് 31-ന് ഗവിയിലേക്കും ഏപ്രിൽ 2, 18 തീയതികളിൽ പൊന്മുടിയിലേക്കും മൂന്നിന് റോസ് മലയിലേക്കും പ്രത്യേക സർവീസുകൾ നടത്തും.
തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന കൊല്ലൂർ മൂകാംബിക തീർഥാടനത്തിൽ ഉഡുപ്പി, പറശിനിക്കടവ് തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളും സന്ദർശിക്കാം. ഏപ്രിൽ 17-ന് ഗുരുവായൂരിലേക്ക് പോകുന്ന ഭക്തർക്ക് സ്പെഷൽ ക്യൂ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മണ്ണാറശാല, കാട്ടിൽമേക്കതിൽ, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കും പ്രത്യേക തീർഥാടന പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. 400 രൂപ മുതൽ 3500 രൂപ വരെയാണ് വിവിധ തീർഥാടന യാത്രകളുടെ നിരക്ക്.
വിനോദസഞ്ചാരികൾക്കായി വയനാട് ചൂരൽമല, 900 കണ്ടി ഇക്കോ പാർക്ക്, ആതിരപ്പള്ളി സിൽവർ സ്റ്റോം, പൂവാർ ഐലന്റ്സ്, അംബാസമുദ്രം സൂര്യകാന്തിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആർടിസി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. താമസം, പ്രവേശന ഫീസുകൾ എന്നിവ ഉൾപ്പെടെയുള്ള പാക്കേജുകളും ഇതിൽ ലഭ്യമാണ്. മെട്രോ വൈബ്സ്, പാണിയേലി പോര്, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്കും ഏപ്രിൽ മാസത്തിൽ യാത്രകളുണ്ടാകും. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും 9747969768, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




