കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലെ രണ്ട് തവണയായി വില ഉയർന്നതിന് പിന്നാലെ ഇന്ന് രാവിലെയും സ്വർണവില കൂട്ടിയതാണ് വിപണിയിൽ ശ്രദ്ധേയമായത്. ഇന്ന് പുറത്തുവിട്ട നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,200 രൂപയായി ഉയർന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
സ്വർണവില ഉയർന്നെങ്കിലും വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് ഇന്നത്തെ വില. ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് വിലയേക്കാൾ ഇപ്പോഴത്തെ വില കുറവാണെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചെറിയ തോതിൽ വർധനവ് തുടരുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും പ്രാദേശിക വിപണിയിലും സ്വാധീനം ചെലുത്തുന്നതായി വിലയിരുത്തപ്പെടുന്നു.




