കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഹോര്‍മോണ്‍ മാറ്റിസ്ഥാപിക്കല്‍ തെറാപ്പി (HRT) പാതിവഴിയില്‍ തടസ്സപ്പെടുത്തരുതെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി. 2026ലെ പുതിയ ഭേദഗതി നിയമത്തിന്റെ മറവില്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണ്ണായക ഇടപെടല്‍.
പകുതിക്ക് വെച്ച് ഹോര്‍മോണ്‍ ചികിത്സ നിര്‍ത്തുന്നത് ഗുരുതരമായ ശാരീരിക-മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, നിലവില്‍ ചികിത്സ ആരംഭിച്ചവര്‍ക്ക് അത് പൂര്‍ത്തിയാക്കുന്നത് വരെ തുടരാന്‍ അനുമതി നല്‍കി.
ലിംഗസ്വത്വം സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശം ഒഴിവാക്കി നിര്‍ബന്ധിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന 2026ലെ ട്രാന്‍സ്ജെന്‍ഡര്‍ നിയമ ഭേദഗതി, സുപ്രീം കോടതിയുടെ ചരിത്രപരമായ ‘നല്‍സ’ (NALSA- നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി) വിധിക്ക് വിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ഫയലില്‍ സ്വീകരിച്ചു.
മൃഗങ്ങളായോ മറ്റോ സ്വയം സങ്കല്‍പ്പിച്ച് വസ്ത്രധാരണം നടത്തുന്ന പാശ്ചാത്യ രാജ്യങ്ങളിലെ രീതികള്‍ ഇന്ത്യയിലെ യുവാക്കളിലേക്ക് പടരുന്നത് തടയാനാകാം കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.




