കോഴിക്കോട്: സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജുകളിലും സീറ്റുകൾ തമ്മിൽ നിയമാനുസൃതമായ അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച കർശന നിർദേശം എല്ലാ ആർടിഒമാർക്കും നൽകാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം പാലിക്കുന്നില്ലെന്നും, കൂടുതൽ സീറ്റുകൾ കുത്തിനിറയ്ക്കുന്നത് കാരണം യാത്രക്കാരുടെ കാൽമുട്ടുകൾ തട്ടുന്നതായും ചൂണ്ടിക്കാട്ടി പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിലാണ് നടപടി. ബസുകളിൽ സീറ്റുകൾ തമ്മിൽ 68.5 സെന്റിമീറ്റർ അകലം വേണമെന്നാണ് നിയമം.
വാഹന പരിശോധനയ്ക്കിടെ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ആർടിഒ കമ്മിഷനെ അറിയിച്ചു. കൃത്യമായ വാഹന നമ്പർ സഹിതം പരാതി നൽകിയാൽ അത്തരം ബസുകൾക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരുടെ സുരക്ഷിതത്വവും യാത്രാ സൗകര്യവും ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.




