ശബരിമല: ശബരിമല ശ്രീകോവിലിൽ നിന്നുള്ള സ്വർണ്ണം കവർന്ന കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) വീണ്ടും തെളിവുകൾ ശേഖരിച്ചു. 2019-ൽ നടന്ന സംഭവത്തിന്റെ കുറ്റപത്രം അന്തിമമാക്കുന്നതിന് മുന്നോടിയായാണ് സംഘം സന്നിധാനത്ത് എത്തിയത്.
ശ്രീകോവിൽ, മുന്നിലെ മണ്ഡപം, ബലിക്കൽപ്പുര, സ്റ്റാഫ് ഗേറ്റ് വഴി പുറത്തേക്കുള്ള പാത എന്നിവയുടെ അളവുകൾ സംഘം പരിശോധിച്ചു. സ്വർണം പൂശിയ പാളികൾ എങ്ങനെ ഇളക്കി മാറ്റിയെന്നും അവ സ്റ്റാഫ് ഗേറ്റിലൂടെ എങ്ങനെ പുറത്തേക്ക് കൊണ്ടുപോയെന്നും കൃത്യമായി മനസിലാക്കുന്നതിനായിരുന്നു ഈ പരിശോധന.
വെള്ളിയാഴ്ച വിഷു ഉത്സവത്തിന് നട തുറന്ന ദിവസമാണ് അന്വേഷണസംഘം എത്തിയത്. എസ്ഐടിയിലെ എസ്.പി.മാരായ എസ്. ശശിധരനും ബിജോയും നേതൃത്വം നൽകി. സംഭവസമയത്ത് ദ്വാരപാലക ശില്പങ്ങളിലെ പാളികൾ ദേവസ്വം ട്രാക്ടറിൽ പമ്പയിലേക്ക് കൊണ്ടുപോയതായും കണ്ടെത്തി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർമാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചില ഡ്രൈവർമാർ ഇപ്പോഴും സർവീസിലുണ്ടെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.




