തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസിന് പിന്നാലെ പട്ടികവർഗ പീഡന കുറ്റവും ചുമത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിൽ സഹായിച്ചവരെയും കേസിൽ പ്രതികളാക്കുമെന്നാണ് വിവരം. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് എസ്.ടി കമ്മീഷൻ നിയമ ഉപദേഷ്ടാവ് പ്രകാശ് ഉയിക്കെ ഫേസ്ബുക്കിൽ കുറിച്ചു.
വിവാഹചടങ്ങിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ നടന്ന വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായും കമ്മീഷൻ റിപ്പോർട്ടിൽ ആരോപണമുണ്ട്. ഇതോടെ വിവിധ വകുപ്പുകൾ പ്രകാരം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കേരളവും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.




