കോഴിക്കോട്: മാവൂരിൽ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നുള്ള കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ വലിയകുളങ്ങര സ്വദേശി വിനോദ് കുമാർ (40)യും നെന്മാറ പെഴുമ്പാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരെയാണ് മാവൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ മാവൂർ പൈപ്പ് ലൈൻ റോഡിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന ഏകദേശം 35 മീറ്റർ നീളമുള്ള കോപ്പർ കേബിളുകൾ ഇവർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
മോഷണം നടത്തിയ ശേഷം പ്രതികൾ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന നിഷാദിന്റെ ഓട്ടോറിക്ഷയിൽ കയറി. യാത്രയ്ക്കിടെ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ ഓട്ടോ നേരിട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പോലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ ടെലിഫോൺ എക്സ്ചേഞ്ചിൽ കരാർ ജോലിക്കാരാണെന്നും മോഷണം നടത്തിയതാണെന്നും സമ്മതിച്ചു. തുടർന്ന് മാവൂർ പോലീസ് എത്തി ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




