ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്. നിങ്ങള്‍ ഒരാള്‍ക്ക് ആദ്യമായി പണം അയക്കുമ്പോഴോ അല്ലെങ്കില്‍ ഒരു വലിയ തുക കൈമാറുമ്പോഴോ ഉടന്‍ തന്നെ പണം പോകില്ല. അതിന് മുന്‍പായി ഒരു നിശ്ചിത സമയം, ഉദാഹരണത്തിന് ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.
പതിനായിരം രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉടന്‍ തന്നെ പണം കൈമാറ്റം ചെയ്യപ്പെടില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞേ ആ ഇടപാട് പൂര്‍ത്തിയാകൂ. തട്ടിപ്പുകാര്‍ ആളുകളെ പേടിപ്പിച്ചോ സമ്മര്‍ദ്ദത്തിലാക്കിയോ ഉടന്‍ പണം തട്ടിയെടുക്കുന്നത് തടയാനാണ് ഇത്. ഒരു മണിക്കൂറിനുള്ളില്‍ കാര്യം മനസിലായവര്‍ക്ക് പൊലീസിനെ അറിയിക്കാം. ട്രാന്‍സാക്ഷന്‍ റദ്ദാക്കാനും സാധിക്കും.
പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരും തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാന്‍, അവര്‍ ഒരു ഇടപാട് നടത്തുമ്പോള്‍ അവരുടെ കുടുംബാംഗമോ സുഹൃത്തോ ആയ മറ്റൊരു വിശ്വസ്ത വ്യക്തി കൂടി അത് ശരിവെച്ചാല്‍ മാത്രം പണം പോകുന്ന രീതിയും ആലോചനയിലുണ്ട്.
നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം ആരെങ്കിലും തട്ടിയെടുക്കുന്നു എന്ന് തോന്നിയാല്‍ ആ നിമിഷം തന്നെ എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന കില്‍ സ്വിച്ച് എന്നൊരു സംവിധാനത്തെകുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു സ്വിച്ച് അമര്‍ത്തുന്നത് പോലെ പെട്ടെന്ന് തന്നെ ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഇത് സഹായിക്കും.




