തൃശൂർ: സ്കൂൾ കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ദിലീപ് (54) ആണ് പിടിയിലായത്. ഇയാൾ സ്റ്റേഷൻ റൗഡിയാണെന്ന് പൊലീസ് അറിയിച്ചു.
വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി.ആറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയത്. പ്രതിയുടെ വീട്ടിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലും ഇയാൾ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലുമായി 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളെയും വലപ്പാട് പൊലീസിന് കൈമാറി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലപ്പാട് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




