കൊച്ചി: പീഡനക്കേസിൽ അഭിഭാഷകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ കെ.വൈ. റാഹിബിനെതിരെയാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം, തെളിവ് നശിപ്പിക്കൽ, ഭവനഭേദനം, മോഷണം എന്നിവയുള്‍പ്പെടെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയത്.
അതേസമയം, തന്നെ ആക്രമിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രതി നൽകിയ പരാതി വ്യാജമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാരിയെയും മറ്റ് രണ്ട് പേരെയും പ്രതികളാക്കി വ്യാജക്കേസ് നൽകിയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
2025 ഏപ്രിൽ 9ന് ജില്ലാക്കോടതി പരിസരത്തെ ബാർ അസോസിയേഷനിൽ പരാതിക്കാരിയും തൊടുപുഴ സ്വദേശി മുഹമ്മദ് യാസീനും ആലപ്പുഴ സ്വദേശി ഫാസിൽ ഹാഷിംയും ചേർന്ന് തന്നെ ആക്രമിച്ചുവെന്നായിരുന്നു റാഹിബിന്റെ പരാതി. ഫോണും ഫയലുകളും പണവുമായി ഉണ്ടായിരുന്ന പേഴ്സും തട്ടിയെടുത്തതായും മോട്ടോർസൈക്കിളിന്റെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. യോട്ട് ലീസ്, റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമായിരുന്നു വാദം.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് പ്രതി ഹൈക്കോടതിയെ സമീപിക്കുകയും കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഉത്തരവ് നേടുകയും ചെയ്തു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്.
പ്രതിയും പരാതിക്കാരിയും യോട്ട് ലീസ് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ പങ്കാളികളായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരി പ്രതിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങുന്നതായി കണ്ടെങ്കിലും, മുൻപ് ഉപയോഗിക്കാൻ നൽകിയ ഫോൺ തിരികെ വാങ്ങിയതാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും ബിലും യുവതി പൊലീസിന് കൈമാറി.
ബൈക്കിന്റെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ചെന്ന ആരോപണവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന് രണ്ടുമാസങ്ങൾക്ക് ശേഷമാണ് ബൈക്ക് സർവീസ് സെന്ററിൽ എത്തിച്ചതെന്നും ജീവനക്കാർ മൊഴി നൽകി. ബൈക്ക് എത്തിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിലാണ് വയറുകൾ മുറിച്ചതെന്നും വ്യക്തമായി.
കൂടാതെ, സംഭവത്തിൽ പ്രതിയാക്കിയ മുഹമ്മദ് യാസീൻ സംഭവദിവസം രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.




