തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ശക്തമായ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്ന പ്രാഥമിക വിലയിരുത്തലുമായി എൽ.ഡി.എഫ് നേതൃത്വം. തൃശൂർ, മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, കുന്നംകുളം എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും വോട്ട് ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നണി നിരീക്ഷിക്കുന്നത്. ത്രികോണ മത്സരം നടന്ന തൃശൂർ സീറ്റിലും ചാലക്കുടിയിലും പരാജയം നേരിട്ടേക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. തൃശൂരിൽ രാഷ്ട്രീയമായ പോരാട്ടം കാഴ്ചവെക്കുന്നതിൽ വന്ന വീഴ്ചയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും തിരിച്ചടിയായെന്ന് മുന്നണി വിലയിരുത്തുന്നു. ഇവിടെ 4,000 മുതൽ 8,000 വരെ വോട്ടുകൾക്ക് സ്ഥാനാർത്ഥി പരാജയപ്പെട്ടേക്കാം. പത്മജ വേണുഗോപാലിന് അനുകൂലമായി നായർ സമുദായം സ്വീകരിച്ച നിലപാടും തിരിച്ചടിക്ക് കാരണമായി കരുതപ്പെടുന്നു.
സിപിഎമ്മിനുള്ളിലെ സംഘടനാ പ്രശ്നങ്ങൾ കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറയാൻ ഇടയാക്കുമെന്നാണ് നിരീക്ഷണം.
തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ എന്നീ നാല് മണ്ഡലങ്ങളിൽ സിറോ മലബാർ സഭയുടെ നിലപാടുകൾ ജയപരാജയങ്ങളെ സ്വാധീനിച്ചേക്കാം. മണലൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ മണ്ഡലങ്ങളിൽ രാഷ്ട്രീയേതര വോട്ടുകൾ സമാഹരിക്കുന്നതിൽ സ്ഥാനാർത്ഥികൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരാജയത്തിലേക്ക് നയിക്കുമെന്നും മുന്നണി നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. ചാലക്കുടിയിൽ 1,100 മുതൽ 5,000 വരെ വോട്ടുകൾക്ക് പരാജയം സംഭവിച്ചേക്കാമെന്നാണ് മുന്നണിയുടെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. കൈപ്പമംഗലത്ത് 15,000 മുതൽ 18,000 വരെ വോട്ടുകൾക്കും, ഒല്ലൂരിൽ 15,000 മുതൽ 20,000 വരെ വോട്ടുകൾക്കും വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ചേലക്കരയിൽ 12,000 മുതൽ 15,000 വരെയും, നാട്ടികയിൽ 15,000 വോട്ടുകളും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. പുതുക്കാട്, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളിലും മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ഭൂരിപക്ഷം കുറയാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. കൊടുങ്ങല്ലൂർ, മണലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും വിജയം കൂടെ നിൽക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൾ വ്യക്തമാക്കുന്നത്.




