പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ്. ഈ മാസം 18-ന് മുമ്പ് വീണ്ടും ചോദ്യം ചെയ്യുന്നതിനായാണ് നോട്ടീസ് അയച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.
കേസിൽ അടുത്ത റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. മുൻ ദേവസ്വം ബോർഡ് അംഗമായ അജി കുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. 2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇതിനുമുമ്പും എസ്‌ഐടി പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശുന്നതിനായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്ന് അന്വേഷണ സംഘം അന്വേഷിച്ചത്.
അതേസമയം, കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാ ഫലം അടുത്തിടെ പുറത്തുവന്നു. ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണം വേർതിരിച്ചെടുത്ത ശേഷം വളരെ കുറച്ച് അളവിൽ സ്വർണം പൂശി വീണ്ടും സ്ഥാപിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇതിലൂടെ ഭൂരിഭാഗം സ്വർണവും നഷ്ടപ്പെട്ടതായി എസ്‌ഐടി സംശയിക്കുന്നു.
എന്നാൽ പി.എസ്. പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികളിൽ നിന്ന് മുഴുവൻ സ്വർണവും നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ ഫലത്തിൽ വ്യക്തമാക്കുന്നു. ദ്വാരപാലക ശിൽപപാളികളിലും കട്ടിളപ്പാളികളിലും നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ജംഷഡ്പൂരിലെ ലബോറട്ടറിയിലായിരുന്നു പരിശോധന.
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, 2019ലാണ് പാളികളിലെ സ്വർണം വേർതിരിച്ചെടുത്തത്. അയഡൈഡ് പ്രക്രിയ ഉപയോഗിച്ചാണ് സ്വർണം മാറ്റിയതെന്നാണ് കണ്ടെത്തൽ. അതേസമയം, 2025-ൽ എല്ലാ പാളികളിൽ നിന്നുമുള്ള സ്വർണം പൂർണമായി മാറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-ൽ പൂശിയ സ്വർണത്തിന്റെ കൃത്യമായ അളവ് കണ്ടെത്തുന്നതിനായി എസ്‌ഐടി കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ കേരള ഹൈ കോടതി സ്വർണ സാമ്പിളുകളിൽ അത്യാധുനിക ശാസ്ത്രീയ പരിശോധന നടത്തണമെന്ന് നിർദേശിച്ചതിനെ തുടർന്നാണ് സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചത്.






