തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കരിപ്പൂർ വാണ്ട സ്വദേശി രാഹുൽ രാജുവിനെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. ഫെബ്രുവരിയിലായിരുന്നു സംഭവം.
ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന ബന്ധു ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ബന്ധുവിനെ ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ബന്ധുവിനെ അവശനാക്കിയ ശേഷമാണ് പ്രതികൾ ഒളിവിൽ പോയത്.
സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രാഹുൽ രാജുവിനെ കണ്ടെത്താൻ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂർ പ്രദേശത്ത് നിന്ന് പിടികൂടിയത്.
രാഹുൽ രാജു നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മോഷണം, കൂലിത്തല്ല്, കൊലപാതകശ്രമം, ലഹരി വിൽപ്പന, പോലീസിനെ ആക്രമിക്കൽ എന്നിവ ഉൾപ്പെടെ ഏകദേശം 18 കേസുകൾ ഇയാളുടെ പേരിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




