ചെന്നൈ: വിജയ് ചിത്രം ജനനായകൻ ഓൺലൈനിൽ ചോർന്ന കേസിൽ തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറുപേരെ അറസ്റ്റ് ചെയ്തു. കോടതി ഉത്തരവോടെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചിത്രം നിർമ്മിച്ച കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിക്കു ശേഷം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
നിരീക്ഷണത്തിനായി സ്‌റ്റേറ്റ് സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്ത് ലിങ്കുകൾ പ്രചരിപ്പിച്ചതാണെന്നാണ് കണ്ടെത്തൽ. ഇതിനകം 300-ഓളം ലിങ്കുകൾ നീക്കം ചെയ്തു.
സിനിമ ചോർന്നത് ബോക്‌സോഫീസ് വിജയത്തെ ബാധിക്കുമെന്നും, ചോർന്ന ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും, കുറ്റവാളികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ പിടിച്ചെടുക്കണമെന്നും നിർമാതാക്കൾ പറഞ്ഞു. 21 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിനിമകൾ സുരക്ഷിതമായ കീ ഡെലിവറി മെസേജ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നതെന്നും, പാസ്വേഡ് ഇല്ലാതെ ആരും കാണാനാവില്ലെന്നും സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വ്യക്തമാക്കി. ഒട്ടേറെ താരങ്ങളും പൈറസി വിരുദ്ധ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.




