ലക്നൗ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്.
സ്വാമി ഘട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം മോണിക്കയുടേതാണെന്ന് പിന്നീട് ബന്ധുക്കൾ സ്ഥിരീകരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ഏപ്രിൽ 10നാണ് യമുനയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ കാണാതായ ആറുപേരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഫ്ലഡ് പൊലീസ്, അഗ്നിരക്ഷാസേന, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം നദിയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
ഇതിനിടെ, മഥുരയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യയിലെ നദീതീരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഭക്തർ ആഴമുള്ള വെള്ളത്തിൽ ഇറങ്ങുന്നത് തടയാൻ ഘട്ടുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.




