ബ്രസ്സൽസ്: ഇറാനെതിരായ നാവിക ഉപരോധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച നീക്കത്തിൽ നിന്ന് നാറ്റോ സഖ്യകക്ഷികൾ വിട്ടുനിൽക്കുന്നു. ഹുർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതം തടയാനുള്ള അമേരിക്കൻ ശ്രമത്തിൽ ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങൾ പങ്കുചേരില്ലെന്ന് വ്യക്തമാക്കിയതോടെ സഖ്യത്തിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായി.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് മേഖലയിൽ ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ മറ്റ് നാറ്റോ രാജ്യങ്ങളും ഈ നടപടിയിൽ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും പലരും അതിനെ തള്ളിക്കളഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഉപരോധത്തെ പിന്തുണയ്ക്കില്ലെന്നും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി. ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന വഴിയായ ഹുർമുസ് കടലിടുക്ക് നയതന്ത്ര ചർച്ചകളിലൂടെ തുറക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമാധാനം പുനസ്ഥാപിച്ചതിന് ശേഷം മാത്രമേ മേഖലയിൽ പ്രതിരോധ ദൗത്യങ്ങൾക്ക് സൈനിക വിന്യാസം പരിഗണിക്കൂവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ബ്രിട്ടനുമായി ചേർന്ന് അന്താരാഷ്ട്ര യോഗം വിളിക്കാനാണ് ഫ്രാൻസിന്റെ പദ്ധതി.
കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നയതന്ത്ര പരിഹാരമാണ് വേണ്ടതെന്നും സൈനിക ഇടപെടൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രി Hakan Fidan പ്രതികരിച്ചു.
ഇതിനിടെ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണ നൽകാത്ത പക്ഷം നാറ്റോയിൽ നിന്ന് പിന്മാറുമെന്നും യൂറോപ്പിലെ യു.എസ് സൈന്യത്തെ പിൻവലിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമപാത അനുവദിക്കാത്തതിൽ നേരത്തെയും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അമേരിക്കൻ സൈന്യം ഏകപക്ഷീയമായി ഉപരോധ നീക്കം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഉയർന്നിരിക്കുകയാണ്. സഖ്യകക്ഷികളിൽ നിന്ന് പോലും പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ ട്രംപിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട നിലയിലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.




