കൊല്ലം: കായംകുളത്തെ ലൈംഗികാതിക്രമക്കേസിൽ ഇരയുടെ വൈദ്യപരിശോധന വീണ്ടും നടത്താൻ പൊലീസ് തീരുമാനിച്ചു. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധന പര്യാപ്തമല്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് നടപടി. സംഭവം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും വീണ്ടും പരിശോധന നടത്തുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
ഐടി ജീവനക്കാരിയായ ഇരയുടെ വിശദമായ മൊഴി ഇന്നലെ തിരുവനന്തപുരത്ത് കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയതായും, കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായും യുവതി മൊഴിയിൽ ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏപ്രിൽ 4നാണ് കായംകുളത്ത് അപകടത്തിന് ശേഷം യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നത്. എന്നാൽ അന്വേഷണം വൈകുന്നു, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണങ്ങൾ ഉയർന്നതോടെ വിഷയത്തിൽ ഡിജിപി റിപ്പോർട്ട് തേടുകയായിരുന്നു. കായംകുളം പൊലീസിന് വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഗുരുതര കുറ്റങ്ങൾ ഉൾപ്പെടുന്നതുകൊണ്ടാണ് പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം എസ്എച്ച്ഓയ്‌ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണ ചുമതല കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. എറണാകുളം ഡിഐജി അരുൺ ബി. കൃഷ്ണയുടെ നിർദേശപ്രകാരമാണ് നടപടി. ഇതിനിടെ, കേസിലെ പ്രതിയായ സിനിൽ സബാദിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്നു ഇയാൾ.




