ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ട്രാൻസ്ഫോർമർ മോഷണവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പിൽ ഗുരുതരമായ വീഴ്ചയും അഴിമതി സംശയവും കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
വിവിധ ഗ്രാമങ്ങളിലായി 10 ട്രാൻസ്ഫോർമറുകൾ മോഷണം പോയ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വകുപ്പിനുള്ളിലെ അനാസ്ഥയും ക്രമക്കേടുകളും പുറത്തുവന്നത്. പരാതി നൽകിയിട്ടും പൊലീസ് ഉൾപ്പെടെയുള്ള അധികാരികൾ നടപടി സ്വീകരിച്ചില്ലെന്നും ചില കേസുകളിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
പരാതികൾ വർധിച്ചതിനെ തുടർന്ന് വൈദ്യുതി വിതരണ വിഭാഗത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കാൻ മാനേജിങ് ഡയറക്ടർ ശംഭു കുമാർ ഉത്തരവിട്ടു. തുടർന്ന് വാസുദേവ്പൂർ, ബെൻ സാഗർ ഫീഡറുകളുടെ കീഴിലുള്ള പ്രദേശങ്ങളിലെ മോഷണങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വകുപ്പിനുള്ളിലെ വീഴ്ചകൾ വ്യക്തമായത്. സബ് ഡിവിഷനിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും സംഭവത്തിൽ പങ്കാളികളായിരിക്കാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സബ് ഡിവിഷണൽ ഓഫീസർ പ്രമോദ് യാദവ്, ജൂനിയർ എൻജിനീയർമാരായ രാജീവ് ഗുപ്ത, നീരജ് കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ലൈൻമാൻമാരായ ശിവകുമാർ, രമേശ് എന്നിവരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.




