സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡൽഹി–സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിന്റെ ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത ശേഷം മടക്കയാത്രയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന കോ-പൈലറ്റിന്റെ ബാഗാണ് പരിശോധനയ്ക്കിടെ പരിശോധിച്ചത്. അതിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇതോടെ ഇയാളെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അധികൃതർ അനുവദിച്ചില്ല.
സംഭവം അറിയിച്ചതിനെ തുടർന്ന് എയർ ഇന്ത്യ അധികൃതർ ഉടൻ ഇടപെട്ടു. പിന്നാലെ അടുത്ത വിമാനത്തിൽ തന്നെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.
പൈലറ്റിനെതിരെ നിയമാനുസൃതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ (DGCA) ഔദ്യോഗികമായി അറിയിച്ചതായും കമ്പനി വ്യക്തമാക്കി.




