മയാമി: കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കെതിരേ കോടതിയെ സമീപിച്ച് ഇവന്റ് പ്രൊമോട്ടർമാർ. മയാമി-ഡേഡ് സർക്യൂട്ട് കോടതിയിൽ വിഐഡി മ്യൂസിക് ഗ്രൂപ്പ് എന്ന കമ്പനിയാണ് മെസിക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനുമെതിരെ വഞ്ചനാക്കുറ്റത്തിനും കരാർ ലംഘനത്തിനും കേസ് ഫയല്‍ ചെയ്തത്. പരാതി പ്രകാരം, വെനസ്വേല, പോർട്ടറിക്കോ എന്നിവർക്കെതിരെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അർജന്റീനയുടെ രാജ്യാന്തര സൗഹൃദമല്സരങ്ങളുലി മെസി കളിച്ചില്ലെന്ന് പറയുന്നു.
പരുക്കില്ലെങ്കിൽ ഓരോ മല്‍സരത്തിലും മെസി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. പക്ഷേ മെസി കളിച്ചില്ല. വ്യാജ വാഗ്ദാനങ്ങൾ നൽകി കരാറിലേര്‍പ്പെടാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് മെസി ഗൂഡാലോചന നടത്തിയെന്നും അശ്രദ്ധമായി തെറ്റായ വിവരങ്ങൾ നൽകിയെന്നും മെസിക്കെതിരെ ആരോപണമുണ്ട്.
ഒക്ടോബർ 10-ന് വെനസ്വേലയ്ക്കെതിരെ അർജന്റീന 1-0ന് ജയിച്ച മല്‍സരത്തില്‍ മെസി കളിക്കാതെ സ്റ്റേഡിയത്തിലിരുന്ന് കളി കാണുകയാണുണ്ടായതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഇതിന് പിറ്റേദിവസം ഇന്റർ മയാമിക്കുവേണ്ടി കളത്തിലിറങ്ങിയ മെസ്സി 2 ഗോൾ നേടി. പിന്നീട് ഒക്ടോബർ 14-ന് പോർട്ടറിക്കോയ്ക്കെതിരെ കളിച്ചിരുന്നു.


