കോട്ടയം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കടുത്തുരുത്തി സ്വദേശിനിയാണ് ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. വൈകീട്ട് നാലോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് യുവതിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രസവാനന്തര ബുദ്ധിമുട്ടുകളാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിവരശേഖരണത്തിലാണ് സംഭവം പുറത്തായത്.
പിന്നീട് ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ കട്ടിലിനടിയിൽ നിന്ന് നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂർണ ആരോഗ്യവാനായ 3.1 കിലോ തൂക്കമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതിയുടെ ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഗർഭകാലത്ത് ആശാ പ്രവർത്തകരുമായി യുവതി സഹകരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഞായറാഴ്ച നടക്കും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കടുത്തുരുത്തി എസ്.എച്ച്.ഒ. ഡി. രജീഷ് കുമാർ അറിയിച്ചു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.




