ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും മതിയായ സർട്ടിഫിക്കറ്റുകളും ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ടുകായലിൽ നാളെ മുതൽ വിലക്ക്. ഹൈക്കോടതിയുടെ ജനുവരി 20-ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. എന്നാൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് ഹൗസ്ബോട്ട് ഉടമകൾ.
നിലവിൽ ജില്ലയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ സർക്കാർ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന വെല്ലുവിളി. ആർ ബ്ലോക്കിൽ ഉടമകളുടെ അസോസിയേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച പ്ലാന്റ് പ്രളയത്തിൽ നശിച്ച ശേഷം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ചേർത്തല ഇൻഫോപാർക്കിലെ പ്ലാന്റിൽ മാലിന്യം എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ, നിലവിൽ വലിയ ചെലവിൽ ബ്രഹ്മപുരത്തെ പ്ലാന്റിനെയും കുമരകത്തെയുമാണ് ബോട്ട് ഉടമകൾ ആശ്രയിക്കുന്നത്.
ശുചിമുറി മാലിന്യത്തിന് പുറമെ അടുക്കളയിൽ നിന്നുള്ള വെള്ളവും, സഞ്ചാരികൾ കുളിക്കുന്ന വെള്ളവും ശേഖരിച്ച് ശുദ്ധീകരിക്കണമെന്ന പുതിയ നിർദ്ദേശം വലിയ പ്രായോഗിക ബുദ്ധിമുട്ടാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഒരാൾ ശരാശരി 500 മുതൽ 1000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇത്രയധികം വെള്ളം ബോട്ടിൽ സംഭരിക്കുകയോ പെട്ടെന്ന് ശുദ്ധീകരിക്കുകയോ ചെയ്യുന്നത് നിലവിലെ സാഹചര്യത്തിൽ അസാധ്യമാണെന്ന് ഉടമകൾ പറയുന്നു.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ തിടുക്കത്തിൽ നിയമം നടപ്പിലാക്കുന്നത് ടൂറിസം മേഖലയെ തകർക്കുമെന്ന് ഉടമകൾ ആശങ്കപ്പെടുന്നു. ബയോ ട്രീറ്റ്മെന്റ് സംവിധാനങ്ങൾ പല ബോട്ടുകളിലും ഉണ്ടെങ്കിലും പുതിയ കർശന നിർദ്ദേശങ്ങൾ പാലിക്കാൻ കൂടുതൽ സാവകാശവും സർക്കാർ സഹായവും ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ, നാളെ മുതൽ പരിശോധന കർശനമാക്കിയാൽ നൂറുകണക്കിന് ഹൗസ്ബോട്ടുകൾ കായലിൽ കെട്ടിയിടേണ്ടി വരും. ഇത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.


