തൃശൂർ: ദേശീയപാത 544-ൽ പാലിയേക്കരയ്ക്കും പന്നിയങ്കരയ്ക്കും ഇടയിലുള്ള 33 കിലോമീറ്റർ ദൂരം യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. 215 രൂപയോളം ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ യാത്രയ്ക്ക് പകരം മരണക്കെണികളാണ് പാതയിലുടനീളം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം മൂന്ന് ജീവനുകളാണ് ഈ പാതയിൽ പൊലിഞ്ഞത്. തെരുവുവിളക്കുകളില്ലാത്ത ഇരുളടഞ്ഞ റോഡുകൾ, അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, പണി നടക്കുന്നയിടങ്ങളിലെ അശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ എന്നിവ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
തൃശൂരിൽ നിന്ന് പാലക്കാട് ദിശയിലേക്ക് പോകുന്നവർ ആദ്യം നേരിടുന്നത് നടത്തറ ജംക്‌ഷനിലെ അപകട മുനമ്പാണ്. പാതയിലെ മറ്റു പ്രധാന ജംക്‌ഷനുകളിലെല്ലാം മേൽപാലങ്ങൾ ഉയർന്നിട്ടും നടത്തറ ഇപ്പോഴും സിഗ്നൽ സംവിധാനത്തിൽ തുടരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ലോറികൾ പലപ്പോഴും സിഗ്നൽ അവഗണിച്ചു പായുന്നതും മണ്ണുത്തി ഭാഗത്തേക്ക് സർവീസ് റോഡ് ഇല്ലാത്തതിനാൽ വാഹനങ്ങൾ എതിർദിശയിലൂടെ വരുന്നതും അപകടങ്ങൾ പതിവാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇവിടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.
അപകടങ്ങൾ ഒഴിവാക്കാൻ നിർമിച്ച മണ്ണുത്തി മേൽപാലവും യാത്രക്കാർക്ക് സുരക്ഷിതമല്ലെന്നതാണ് വസ്തുത. മഴക്കാലത്ത് പാലത്തിന് മുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ ഇടയാക്കുന്നു. കോടികൾ ചെലവിട്ട് നിർമിച്ച പാലത്തിന് മുകളിലെ അശാസ്ത്രീയ നിർമാണവും വെള്ളക്കെട്ടും ഇരുചക്ര വാഹനയാത്രക്കാരെയാണ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്. അടുത്തിടെ ഇവിടെയുണ്ടായ അപകട ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. ടോൾ പിരിവിൽ കാണിക്കുന്ന ആവേശം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.


