വാഷിങ്ടൺ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്. ലൂയിസിയാനയിലെ ഷ്രെവെപോർട്ടിൽ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അക്രമിയായ 31 വയസ്സുകാരനെ പോലീസ് വെടിവെച്ച് കൊന്നു. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഷമർ എൽക്കിൺസ് എന്നയാളാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണെന്നും വ്യക്തമാക്കുന്നു. ഇയാളും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നുവെന്ന് പോലീസ് പറയുന്നു. മുമ്പും ഇയാൾ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഭാര്യയുടെ വീട്ടിലെത്തിയ അക്രമി അവരെ വെടിവെച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയ്ക്ക് വെടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്ന് കുട്ടികളെ പാർപ്പിച്ചിരുന്ന മറ്റൊരു വീട്ടിലേക്ക് എത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്.
അവിടെ അക്രമിയുടെ മക്കളും കുട്ടികളെ നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീയുടെ മക്കളുമടക്കം 16 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ട് കുട്ടികൾ വെടിയേറ്റ് മരിച്ചു. കൂടാതെ, കുട്ടികളെ നോക്കിയിരുന്ന സ്ത്രീക്കും വെടിയേറ്റു.
ആക്രമണത്തിനിടെ ഒരു കുട്ടി ജനാലയിലൂടെ ചാടി രക്ഷപ്പെട്ടു. ഇയാളുടെ വെടിയേറ്റെങ്കിലും കുട്ടിക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് പിന്തുടർന്ന് വെടിവെച്ച് കൊന്നു. കേസിൽ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.






