പാലക്കാട്: കടുത്ത ചൂട് പരിഗണിച്ച് ജില്ലയിലെ സ്കൂളുകള്‍ കോളജുകള്‍ (പ്രൊഫഷണല്‍/ടെക്നിക്കല്‍ ഉള്‍പ്പെടെ) കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ ഇന്ന് (ഏപ്രില്‍ 20) മുതല്‍ നിര്‍ത്തി വെക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കലക്ടറുടെ നിര്‍ദേശം. 24 മണിക്കൂറിനകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഉയര്‍ന്ന UV ഇന്‍ഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷന് എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷന് സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താപനില 37°C- ലൊ അതില്‍ താഴെയൊ രണ്ട് തുടര്‍ച്ചയായ ദിവസങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ഉത്തരവ് പിന്‍വലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.
ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കല്‍ ക്ലാസുകളും മിതമായ താപനിലയില്‍, കുടിവെള്ളം, ORS ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താം. ഒഴിച്ചുകൂടാന്‍ പറ്റാത്തതും ഓണ്‍ലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറില്‍ കൂടാത്ത സമയ പരിധിക്കുള്ളില്‍ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്.




