കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് ഇയാളെ വീട്ടിൽ നിന്ന് കാണാതായത്.
ലോൺ ആപ്പുകൾ വഴി കടം എടുത്ത വിഷ്ണു പിന്നീട് ഉയർന്ന പലിശക്കാരിൽ നിന്നുമുള്ള കടബാധ്യതയിലും കുടുങ്ങിയിരുന്നു. ഇതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഭീഷണികളുമാണ് ഇയാളെ വീടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികന്റെ ഫോൺ ഉപയോഗിച്ച് വിഷ്ണു വീട്ടിലേക്ക് വിളിച്ചു. ആദ്യം വീട്ടിലേക്ക് തിരികെ വരില്ലെന്ന് പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്തെ തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥനായ അമ്മാവന്റെ അടുത്തേക്ക് പോകാൻ സമ്മതിച്ചു.
ഇതിനിടെ കാസർഗോഡ് മേഖലയിലായി പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ വിഷ്ണുവിനെ അമ്മാവൻ എത്തി കണ്ടു. ഇയാളെ ഉടൻ വടകര പോലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.




