തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചർച്ച വിഷയം. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെ രാജന്‍. കേരളത്തിനെതിരെ അപകടകരമായ പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളിൽ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്തിയിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിർത്തി. ഇനിയും ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും കെ രാജന്‍ പറഞ്ഞു.
മന്ത്രി നേരിട്ടെത്തി മുകളിൽ കയറി പരിശോധന നടത്തിയത് വിവാദമായിരുന്നു. തൃശ്ശൂരിൽ നിന്നും കെട്ടിട നിർമാണത്തിന് പണിക്കാരനെ കിട്ടിയെന്നും തരത്തിലുള്ള പരിഹാസങ്ങളാണ് കേൾക്കേണ്ടി വന്നത്. എന്നാൽ, കൂലിപ്പണി രാജന്‍ വിളിയില്‍ അഭിമാനമാണെന്നും നാടിന്റെ അഭിമാനം കാക്കാന്‍ ഇതിലും പൊക്കത്തില്‍ കയറുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വേദന അറിയുന്ന മണ്ണില്‍ നിന്നാണ് താന്‍ വരുന്നത്. കൂലിപ്പണി രാജന്‍ എന്ന് വിളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കെ രാജന്‍ പറഞ്ഞു. ചൂരല്‍മലക്കാര്‍ക്ക് ഞാന്‍ വെറും മന്ത്രി അല്ല. വീട്ടുകാരനാണ്. എന്റെ വീട്ടുകാര്‍ക്ക് വീട് കൊടുക്കുമ്പോള്‍ ഏറ്റവും മികച്ചത് ആവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






